നെടുങ്കണ്ടം: വയോധികയെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വലിയതോവാള ആലപ്പാട്ടുകുന്നേല്‍ അന്നമ്മ(69) യ്ക്കാണ് മർദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് ആയുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തു. അന്നമ്മയെ അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന ആയുധംകൊണ്ട് മുഖത്ത് വരഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തു.
സംഭവം കണ്ട് ഇറങ്ങി വന്ന മകന് ജോബിയെ അസഭ്യം പറയുകയും വീട്ടുപകരണങ്ങളും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ക്കുകയും ചെയ്തെന്നു പരാതിയില്‍ പറയുന്നു.
ഇരുവരും വീടിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അന്നമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. പാമ്പാടുംപാറ സ്വദേശികളായ അഷിന്‍, റോയ്, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേര് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.